അയർലണ്ടിൽ തണുപ്പ് വീണ്ടും ശക്തം; കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ മുന്നറിയിപ്പ്

Published on 19 November 2024 at 21:40

അയർലണ്ടിൽ തണുപ്പ് കനക്കുന്നതോടെ കാലാവസ്ഥാ വകുപ്പ് വീണ്ടും മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഇന്ന് (ചൊവ്വ) രാത്രി 8 മണി മുതൽ ബുധനാഴ്ച രാവിലെ 10 മണി വരെ രാജ്യത്തുടനീളം സ്റ്റാറ്റസ് യെല്ലോ തണുപ്പ്, മഞ്ഞുറക്കം, ഐസ് മുന്നറിയിപ്പ് ബാധകമാകും. അതിശക്തമായ തണുപ്പിനൊപ്പം മഞ്ഞുറയും സാഹചര്യവും, ഐസ് രൂപപ്പെടാനുള്ള സാധ്യതയും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

താപനില മൈനസ് 3 ഡിഗ്രി വരെ താഴാൻ സാധ്യതയുള്ളതോടൊപ്പം, പകൽ സമയത്ത് 2 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ മാത്രമേ ഉയരുകയുള്ളൂവെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മഞ്ഞും ഐസും കാരണം റോഡുകളിൽ കാഴ്ച കുറഞ്ഞ് അപകട സാധ്യത വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടതിനാൽ വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും കൂടുതൽ ശ്രദ്ധ വേണമെന്ന് നിർദ്ദേശമുണ്ട്.

വടക്കൻ അയർലണ്ടിലും ഇന്ന് വൈകിട്ട് 6 മണി മുതൽ നാളെ രാവിലെ 10 മണി വരെ യെല്ലോ ഐസ് മുന്നറിയിപ്പ് നിലവിലുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ആഴ്ച മുഴുവൻ തണുപ്പ് നിലനിൽക്കാൻ സാധ്യതയുണ്ടെങ്കിലും വാരാന്ത്യ കാലാവസ്ഥ ഇപ്പോഴും വ്യക്തമല്ല.


Add comment

Comments

There are no comments yet.