ഭരിക്കാൻ മത്സരിച്ച് മുന്നണികൾ

Published on 2 December 2024 at 18:31

ഡബ്ലിൻ : വോട്ടെടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കെ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ സജീവമായി.ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ആർക്കുമില്ലാത്തതിനാൽ മുന്നണി സർക്കാരാകും വരികയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആകെയുള്ള 174 സീറ്റുകളിൽ 162 ഫലവും പ്രഖ്യാപിച്ചപ്പോഴും, ഫിനാഫാളിനും ഫിനഗേലിനും,ചേർന്ന് ഇതേ വരെ ലഭിച്ചത് 79 സീറ്റുകൾ മാത്രമാണ്. ഫിനാഫാൾ 43 സീറ്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, 36 സീറ്റുകൾ വീതമാണ് ഫിനഗേലും,

പ്രതിപക്ഷ പാർട്ടിയായ സിൻ ഫെയ്‌നിനും ലഭിച്ചത്.

ഡിസംബർ 18നാണ് 340-ാമത് ഡെയിൽ ആദ്യമായി യോഗം ചേരുക.അതിനുശേഷമാകും പുതിയ സർക്കാർ സംബന്ധിച്ച ചർച്ചകൾ കൂടുതൽ ഗൗരവതരമാവുക.

ആരൊക്കെയാണ് കൂട്ടുകൂടുകയെന്നതു സംബന്ധിച്ചാണ് പ്രമുഖ പാർട്ടികൾ ആലോചിക്കുന്നത്. അതേ സമയം ആരോടാണ് കൂടേണ്ടതെന്നാണ് ചെറുകക്ഷികളുടെ ചിന്ത. ഇവരുടെ നിലപാടുകളാകും സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാവുകയെന്നതാണ് യാഥാർത്ഥ്യം. എന്നിരുന്നാലും കീരികളും പാമ്പുകളുമൊക്കെ ഒത്തു ചേർന്നുള്ള കൊളാഷ് സഖ്യത്തിനാകും ഒരുപക്ഷേ അയർലണ്ടിൻ്റെ രാഷ്ട്രീയം വേദിയാവുക.കഴിഞ്ഞ തവണത്തേതു പോലെ പ്രധാനമന്ത്രിമാർ മാറി മാറി വരുന്ന സംവിധാനമാകും ഇക്കുറിയുമെന്നാണ് കരുതുന്നത്.

വരും ദിവസങ്ങൾ കൂടിയാലോചനകളുടെയും നീക്കുപോക്കുകളുടെയും കാലമായിരിക്കുമെന്നാണ് കരുതുന്നത്.കൂടുതൽ പാർട്ടികൾ ചേരുന്നതിനേക്കാൾ ത്രികക്ഷി സഖ്യമാണ് നല്ലതെന്ന അഭിപ്രായമാണ് ഫിന ഫാളിന്റെയും ഫിനഗേലിൻ്റെയും സീനിയേഴ്സിനുള്ളത്.ഫിനഫാൾ സർക്കാർ രൂപീകരണം ചർച്ചചെയ്യുന്നുണ്ട്.

കഴിഞ്ഞ തവണ സ്‌പീക്കറെ കൂടാതെ രണ്ടു ടി ഡിമാരുടെ മേൽക്കൈ ഫിനഫാൾ പാർട്ടിക്ക് ഫിനഗേലിനെ അപേക്ഷിച്ചുണ്ടായിരുന്നു. സോഷ്യൽ ഡെമോക്രാറ്റ്സ്, ലേബർ എന്നീ പാർട്ടികളുമായുള്ള ചർച്ചകൾക്കാണ് ഫിനഫാൾ ആദ്യം ശ്രമിക്കുക.സർക്കാരിൽ ചേരാനുള്ള ആഗ്രഹം ലേബർ നേതാവ് ഇവാന ബാസികിനുണ്ടെങ്കിലും പാർട്ടിയിലെ പലപ്രമുഖരും അതിനെതിരാണ്


Add comment

Comments

There are no comments yet.