മിസ് & മിസ്റ്റർ സ്വോർഡ്സ് 2024-25: ശൈത്യ സന്ധ്യയിലെ സൗന്ദര്യത്തിന്റെയും പ്രതിഭയുടെയും ഉത്സവം

Published on 7 January 2025 at 00:37

ജനുവരി 4-ന് സ്വോർഡ്സിലെ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മിസ് & മിസ്റ്റർ സ്വോർഡ്സ് 2024-25 സൗന്ദര്യ മത്സരത്തിൽ മിസ് ഷെറിൻ റെജി വർഗീസും മിസ്റ്റർ ജോസഫ് ജോൺസനും കിരീടമണിഞ്ഞു. തണുത്ത ശൈത്യസന്ധ്യയെ വേറിട്ട അനുഭവമാക്കിയായിരുന്ന ഈ മത്സരത്തിൽ 15 യുവതീ-യുവാക്കളാണ് അഴകും പ്രതിഭയും തമ്മിൽ മാറ്റുരച്ചത്. ഒന്നാം റണ്ണർ അപ്പായി മിസ് മെർലിൻ സെബാസ്റ്റ്യനും മിസ്റ്റർ ആൽബിൻ ജേക്കബും, രണ്ടാം റണ്ണർ അപ്പായി മിസ് ലിൻഡ റോജിലും മിസ്റ്റർ ആഷെർ ഷിബുവും തെരഞ്ഞെടുക്കപ്പെട്ടു.മത്സരം മൂന്ന് വാശിയേറിയ റൗണ്ടുകളിലൂടെയാണ് മുന്നേറിയത്. ഇന്ത്യൻ ഈവെനിംഗ് വെയറിൽ സാരി, ലാച്ച, ഷെർവാണി എന്നിവ അണിഞ്ഞെത്തിയ ആദ്യ റൗണ്ടിൽ മത്സരാർത്ഥികൾ പാരമ്പര്യത്തിന്റെ പ്രൗഢി ഉയർത്തി റാമ്പ് വാക് നടത്തി. രണ്ടാം റൗണ്ടിൽ വെസ്റ്റേൺ എവെനിംഗ് വെയറിൽ ബോൾ ഗൗണുകളും ത്രീ പീസ് സൂട്ടുകളും ധരിച്ചവർ ലോകോത്തര പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകൾ വിധികർത്താക്കളുടെ ചോദ്യങ്ങൾക്കു നൽകിയ ഉത്തരം നിർണായകമായി.

ഈ മത്സരത്തിന്റെ സംവിധാനത്തിൽ ഫാഷൻ ഡിസൈനർ ഷിന്റോ ബെനഡിക്ടും വിധികർത്താക്കളായി മിസ് കേരള അയർലണ്ട് റിറ്റി സൈഗോയും റിയ സൈഗോയും, ഫാഷൻ ഡിസൈനർ ആൻസി പൊന്നച്ചനും പങ്കെടുത്തു. സംഗീതത്തിന് ഡിജെ അലി (അലിസ്റ്റർ അനിത്) നേതൃത്ത്വം നൽകി. ശബ്ദ-വെളിച്ചം ജോഷി കൊച്ചുപറമ്പിലും സ്റ്റേജ് ദൃശ്യ പ്രഭാഷണം പ്രശാന്ത് കെ വി യും കൈകാര്യം ചെയ്തു.

മിസ് സ്വോർഡ്സ് 2024-25, ഇരുപത്തിമൂന്നുകാരിയായ ഷെറിൻ, റെജി വർഗീസ് - ഷീന റെജി ദമ്പതികളുടെ മകളാണ്. ഡിസിയുവിൽ സിവിൽ ലോ ബിരുദധാരിയായ ഷെറിന് ട്രാവെല്ലിങ്ങിലും ഫാഷനിലും കൂടാതെ അഭിനയത്തിലും മോഡലിംഗിലും താൽപര്യമുണ്ട്. മിസ്റ്റർ സ്വോർഡ്സ് 2024-25, പത്തൊൻപതുകാരനായ ജോസഫ്, ട്രിനിറ്റി കോളേജിൽ ബയോമെഡിക്കൽ സയൻസ് ബിരുദ വിദ്യാർഥിയാണ്. ജോൺസൺ ജോസഫ് - ടാനിയ ജോൺസൺ ദമ്പതികളുടെ മകനായ ജോസഫ് ഫുട്ബോൾ, ക്രിക്കറ്റ്, സംഗീതം എന്നിവയ്ക്ക് പ്രിയംകൊള്ളുന്നതിനൊപ്പം മോഡലിംഗിലും അഭിനയത്തിലും താല്പര്യം പുലർത്തുന്നു.

ഐറിഷ് മലയാളി സമൂഹത്തിൽ വേറിട്ട അനുഭവമായിത്തീർന്ന ഈ മത്സരം ഫാഷൻ, കല, സാങ്കേതിക മികവുകൾ കോർത്തിണക്കി സ്വോർഡ്സിലെ പെൺകുട്ടികളും ആൺകുട്ടികളും മാറ്റുരച്ച ആദ്യ ആഡംബര മൽസരമായിത്തീർന്നു. വരും വർഷങ്ങളിൽ ഇതിൽ കൂടുതല്‍ മികവുറ്റ മാറ്റങ്ങൾ കൊണ്ടുവരാമെന്നു സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.


Add comment

Comments

There are no comments yet.