ഹെൽത്ത് കെയർ അസിസ്റ്റന്റ്മാർ, ഹോം കെയർമാർ, കെയർ വർക്കർമാർ എന്നിവർക്കുള്ള അടിസ്ഥാന ശമ്പളം €30,000 ആയി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് (MNI) സമർപ്പിച്ച നിവേദനം ചർച്ചചെയ്യുന്നതിനായി MNI ഭാരവാഹികൾ എന്റർപ്രൈസ്, ട്രേഡ് & എംപ്ലോയ്‌മെന്റ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി. എംപ്ലോയ്‌മെന്റ് പെർമിറ്റ് മേധാവി എമിലി ഡി ഗ്രേയും മറ്റ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. MNI പ്രതിനിധികളായ വർഗീസ് ജോയ്, ഐബി തോമസ്, ഷിജി ജോസഫ് എന്നിവർ ഈ യോഗത്തിൽ പങ്കാളികളായി.
പുതിയ പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവർക്കും പെർമിറ്റ് പുതുക്കുന്നവർക്കും ജനുവരി 17 മുതൽ €30,000 ശമ്പള വർദ്ധന പ്രാബല്യത്തിൽ വരുമെന്ന് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ യോഗത്തിൽ സ്ഥിരീകരിച്ചു. നിലവിലെ പെർമിറ്റ് ഉടമകൾക്കും ശമ്പള വർദ്ധനവ് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത MNI ശക്തമായി ഉന്നയിച്ചു. കൂടാതെ അംഗങ്ങൾക്ക് ഫാമിലി റിയൂണിഫിക്കേഷൻ സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികളിലും അധികം ശ്രദ്ധ ചെലുത്തണമെന്നും ആവശ്യമുയർന്നു.
വകുപ്പിന്‍റെ അനുകൂല സമീപനമാണ് യോഗത്തിൽ അനുഭവപ്പെട്ടതെന്ന് MNI ഭാരവാഹികൾ അറിയിച്ചു. പുതിയ ശമ്പള വർദ്ധന താത്കാലികമാണെങ്കിലും നിലവിലെ പാസ്‌ധാരികൾക്കും ഇത് ബാധകമാക്കണമെന്ന MNI നിവേദനം ശ്രദ്ധയോടെ പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫാമിലി റീ യൂണിഫിക്കേഷൻ അനുമതി ലഭ്യമാക്കുന്നതിനായി എന്റർപ്രൈസ് വകുപ്പ് ജസ്റ്റിസ് വകുപ്പിന് സബ്‌മിഷൻ നൽകിയതായും, HSE നഴ്സിംഗ് ഹോമുകൾക്ക് തുക വർദ്ധിപ്പിക്കുന്ന നടപടികൾക്ക് ശേഷം നഴ്സുമാരുടെ ശമ്പള വർദ്ധനവും സാധ്യമാകുമെന്ന് ഡിപ്പാർട്മെന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
നഴ്സിംഗ് സമൂഹത്തിന്റെ ഉന്നതാർത്ഥങ്ങൾക്ക് പിന്തുണയുമായി MNI മുന്നോട്ട് പോകുമെന്നും ഇതിനായുള്ള ഇടപെടലുകൾ തുടരുമെന്നും ഭാരവാഹികൾ ഉറപ്പു നൽകി.
Add comment
Comments