
ഡബ്ലിൻ: സ്റ്റോം അയോവന്റെ പിടിയിൽ ഗോൾവേയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ആയിരക്കണക്കിന് ആളുകൾക്ക് കുടിവെള്ളവും വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യങ്ങളും നഷ്ടമായി. റെഡ് അലർട്ടിലായിരുന്ന കൗണ്ടിയിൽ മരങ്ങൾ വ്യാപകമായി നിലംപൊത്തി, ഒരാളുടെ മരണവും സ്ഥിരീകരിച്ചു. ക്ലെയർ, മയോ, കെറി, ഡോണഗേൽ, സ്ലൈഗോ, മീത്ത്, ലോംഗ്‌ഫോർഡ് എന്നിവിടങ്ങളിലും മിഡ്ലാൻഡ്സിലും കൊടുങ്കാറ്റിന്റെ ഭീകരത അനുഭവപ്പെട്ടു.വൈദ്യുതി തടസ്സം മൊബൈൽ നെറ്റ്വർക്കുകളെയും തകർത്തു. വോഡഫോൺ മൊബൈൽ നെറ്റ്വർക്കിന്റെ 14% ഓഫ്ലൈനിലാണെന്ന് റിപ്പോർട്ട്. 26,000 ടെലിഫോൺ ബന്ധങ്ങളും 63,000 ബ്രോഡ്ബാൻഡ് ബന്ധങ്ങളും തകരാറിലായി. ഏകദേശം 160,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഇന്റർനെറ്റ് മുടങ്ങി.
ഗോൾവേയിൽ ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്ക് വൈദ്യുതി മുടങ്ങിയതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമല്ലാതായി. 1,38,000 ഉപഭോക്താക്കളുടെ വെള്ളം മുടങ്ങിയതായി പ്രാഥമിക കണക്ക്. വെള്ളം നൽകുന്ന ജലശുദ്ധീകരണ പ്ലാന്റുകളിൽ വൈദ്യുതി ഇല്ലാത്തതിനാൽ 100,000 വീടുകളിൽ വെള്ളമില്ല. ജല അതോറിറ്റി വെള്ളം സൂക്ഷിച്ചുപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്ക് വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ 7,50,000 വീടുകൾക്ക് കൂടി വെള്ളം മുടങ്ങാമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നൽകി. ഗോൾവേയിലെ ജലസംഭരണികളിൽ വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഉൽപ്പാദനം തടസ്സപ്പെടുകയാണെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വെള്ള പ്രശ്നമുള്ള പ്രദേശങ്ങളിലെ വൈദ്യുതി പുനസ്ഥാപിക്കുവാൻ ഇ.എസ്.ബി. മുൻഗണന നൽകുമെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി ജല അതോറിറ്റി അടിയന്തര ഇടപെടലുകൾ നടത്തിവരുന്നു.
Add comment
Comments