ഐറിഷ് നഴ്സുമാർക്ക് ആസ്ട്രേലിയയിലെത്താൻ എളുപ്പമാകും; നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ

Published on 29 January 2025 at 22:30

ഐറിഷ് നഴ്സുമാർക്കടക്കം വിദേശ യോഗ്യതയുള്ള ആരോഗ്യ പ്രവർത്തകർക്ക് ആസ്ട്രേലിയയിൽ ജോലി നേടുക ലളിതവും വേഗത്തിലുള്ളതുമായി മാറുന്നു. ഇതിന്റെ ഭാഗമായി, രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കാനും സമയപരിധി കുറയ്ക്കാനും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.ക്രൂക്ക് റിവ്യൂ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിളയിരുത്തലും രജിസ്ട്രേഷനും ലഘൂകരിക്കുകയും നടപടിക്രമങ്ങൾ 6 മുതൽ 12 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഒരുക്കങ്ങൾ നടക്കുകയാണ്.

16,622 വിദേശ നഴ്സുമാർ കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഹെൽത്ത് സർവീസിൽ ചേർന്നതായി റിപ്പോർട്ട് ചെയ്യുന്നു, കോവിഡിന് മുൻപത്തേതിനേക്കാൾ (5,610) മൂന്ന് മടങ്ങ് വർദ്ധന ഇതിൽ കാണാം.

യു കെ, കാനഡ, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നഴ്സുമാർക്കോ പൂർണ അംഗീകാരം ലഭിക്കാൻ ഏറെ കാലം ആശുപത്രികളിലും വയോജന പരിചരണ സൗകര്യങ്ങളിലും ജനറൽ പ്രാക്ടീസുകളിലും ജോലി ചെയ്യേണ്ടിവന്നിരുന്ന പ്രശ്‌നമാണ് പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം പരിഹരിക്കുക.

1,800 മണിക്കൂറിലധികം പ്രവൃത്തിപരിചയമുള്ള അന്താരാഷ്ട്ര യോഗ്യതയുള്ള രജിസ്റ്റർ ചെയ്ത നഴ്സുമാരെ മാർച്ചിൽനിന്ന് ഫാസ്റ്റ് ട്രാക്ക് ചെയ്യാനാണ് സർക്കാർ തീരുമാനം. അപേക്ഷാ സമയപരിധി 6-12 മാസമായി കുറയ്ക്കും, കൂടാതെ അപേക്ഷാ നടപടികളും ലളിതമാക്കും.

രൂക്ഷമായ തൊഴിൽ ക്ഷാമം പരിഹരിക്കാനും, അതേ സമയം സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും നിലനിർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് ഓസ്ട്രേലിയയും ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസിയും സർക്കാരുമായി ചേർന്ന് ഈ മാറ്റങ്ങൾ കൊണ്ടുവന്നത്.


Add comment

Comments

There are no comments yet.