അയർലണ്ടിൽ ഹെപ്പറ്റൈറ്റിസ് B, HIV വ്യാപനം ഇരട്ടിയായി ഉയർന്നതായി പഠനം

Published on 2 February 2025 at 22:18

അയർലണ്ടിൽ ഹെപ്പറ്റൈറ്റിസ് B, HIV പോലുള്ള വൈറസുകളുടെ വ്യാപന നിരക്ക് മുമ്പത്തെതിനേക്കാൾ ഇരട്ടിയായി ഉയർന്നതായി പുതിയ ഗവേഷണം വ്യക്തമാക്കുന്നു.

രക്തത്തിലൂടെ പടരുന്ന രോഗങ്ങളുടെ വ്യാപനം എത്രത്തോളം ഉണ്ടായിരിക്കുമെന്ന് കണ്ടെത്താനായി നടത്തിയ പഠനത്തിൽ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കോർക്കിൽ ഈ വൈറസുകളുടെ വ്യാപനം കൂടുതലാണെന്ന് കണ്ടെത്തി.

മുമ്പ്, അയർലണ്ടിലെ ഹെപ്പറ്റൈറ്റിസ് B, എച്ച്ഐവി അണുബാധ നിരക്ക് 10,000 ആളുകളിൽ 10-20 കേസുകൾ (0.1% – 0.2%) മാത്രമായിരുന്നു. എന്നാൽ, "ഐറിഷ് ജേണൽ ഓഫ് മെഡിക്കൽ സയൻസ്" ന്റെ പുതിയ പഠനത്തിൽ, 10,000 സാമ്പിളുകളിൽ 46 എണ്ണം ഹെപ്പറ്റൈറ്റിസ് B അണുബാധയുള്ളതാണെന്ന് കണ്ടെത്തി (0.4%). 10,000 പരിശോധനകളിൽ 30 എണ്ണം എച്ച്ഐവി ആൻ്റിബോഡികൾക്കു പോസിറ്റീവ് ആയതായി കണ്ടെത്തിയതും മുൻ കണക്കുകളിൽ നിന്ന് ഇരട്ടിയിലധികമാണെന്ന് പഠനം വ്യക്തമാക്കുന്നു.

കോർക്കിൽ 1,000-ലധികം ആളുകളുടെ പരിശോധനയിൽ 1.05% പേർ എച്ച്ഐവി പോസിറ്റീവ് ആയതായി കണ്ടെത്തി, ഇത് ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. രാജ്യത്ത് രോഗബാധിതരിൽ മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരാണ് എന്നും പഠനം പറയുന്നു.

ഗവേഷകർ ഡോക്ടർമാർ നിർദ്ദേശിച്ച 6,000-ൽ കൂടുതൽ രക്തസാമ്പിളുകൾ വിശകലനം ചെയ്തു. ഹെപ്പറ്റൈറ്റിസ് B സർഫസ് ആന്റിജൻ, HIV ആൻ്റിബോഡി കണ്ടെത്തുന്നതിനായി രാജ്യത്തെ എട്ട് ആശുപത്രി ലബോറട്ടറികളിലാണ് പരിശോധന നടത്തിയത്.

ഡബ്ലിൻ, കോർക്ക്, ലിമറിക്ക്, വാട്ടർഫോർഡ്, കിൽക്കെന്നി, സ്ലൈഗോ എന്നിവിടങ്ങളിലെ ആശുപത്രികൾ ഈ പഠനത്തിൽ പങ്കെടുത്തു.

ഇത്തരത്തിലുള്ള വൈറസ് ബാധകൾ ദീർഘകാല ആന്റിവൈറൽ ചികിത്സയിലൂടെ നിയന്ത്രിക്കാമെങ്കിലും, പൊതുജനാരോഗ്യ സുരക്ഷയ്ക്കായി രോഗികളെ നേരത്തെ കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്യുന്നത് അത്യാവശ്യമാണെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു. ഇത് രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ സഹായിക്കും എന്നും അവർ വ്യക്തമാക്കി.


Add comment

Comments

There are no comments yet.