
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് കോടതി വീണ്ടും തടഞ്ഞു. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ് ആദ്യ ദിവസം തന്നെ ഈ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ഈ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് കോടതി വിധിച്ചു.
മേരിലാൻഡ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ നൽകിയ ഉത്തരവിൽ, "അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് യുഎസ് പൗരന്മാരാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവുമാണ്" എന്ന് വ്യക്തമാക്കുന്നു.
ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ തീരുമാനത്തിൽ നിയമനടപടികൾ പൂർത്തിയാകുന്നതുവരെ വിലക്ക് തുടരുമെന്നും ഇതിന് മാസങ്ങളോ വർഷങ്ങളോ പിടിയാകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 20 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരാനിരിക്കെയായിരുന്നു കോടതി ഇടപെടൽ.
ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം, അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ എന്നതാണ് പുതിയ നയം. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസ്സിലെ വലിയൊരു വിഭാഗം വിദേശികൾക്ക് ഇത് ആശങ്കയുണ്ടാക്കിയിരുന്നു.
Add comment
Comments