അമേരിക്കയിൽ ഐറിഷ് പൗരത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

Published on 9 February 2025 at 22:16

അമേരിക്കയിൽ നിന്ന് ഐറിഷ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. 2023-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം യുഎസിലെ വിദേശ ജനന രജിസ്ട്രേഷനുകളുടെ എണ്ണം പകുതിയോളം കൂടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.വിദേശത്ത് ജനിച്ച ഐറിഷ് വംശജർക്ക് പൗരത്വം നേടാൻ അവസരം നൽകുന്ന ഫോറിൻ ബർത്ത്സ് രജിസ്ട്രർ (Foreign Births Register - FBR) പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം 2024-ൽ ഉയർന്നതായി ഐറിഷ് വിദേശകാര്യ വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. അതേസമയം, യുഎസിൽ നിന്ന് ഐറിഷ് പാസ്പോർട്ടിനായുള്ള അപേക്ഷകളുടെ എണ്ണവും 10% വർദ്ധിച്ചിട്ടുണ്ട്.

2023-ൽ 7,726 ആയിരുന്ന ഫോറിൻ ബർത്ത്സ് രജിസ്ട്രേഷനുകളുടെ എണ്ണം 2024-ൽ 11,601 ആയി വർദ്ധിച്ചു. 2024-ലെ മൊത്തം വിദേശ ജനന രജിസ്ട്രേഷനുകളിൽ 27% അമേരിക്കയിൽ നിന്നുമാണ് ലഭിച്ചത്.

കഴിഞ്ഞ പത്തു വർഷമായി ഐറിഷ് പൗരത്വം നേടുന്നതിനുള്ള ആകെ അപേക്ഷകളുടെ എണ്ണം സ്ഥിരമായി ഉയർന്നുവരികയാണ്. 2015-ൽ 6,116 ആയിരുന്ന അപേക്ഷകളുടെ എണ്ണം 2024-ൽ 42,808 ആയി വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

2024-ൽ യുഎസിൽ നിന്ന് ലഭിച്ച ഐറിഷ് പാസ്‌പോർട്ട് അപേക്ഷകൾ 10% വർദ്ധിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഐറിഷ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നതിൽ ബ്രിട്ടൻ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രധാന പങ്ക് വഹിച്ചത്.

അമേരിക്കയിൽ നിന്ന് വരുന്ന പാസ്‌പോർട്ട് അപേക്ഷകൾ മൊത്തം അപേക്ഷകളുടെ വെറും 3.2% മാത്രമാണെങ്കിലും, ഈ എണ്ണ വർഷേന വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2023-ൽ 31,825 പാസ്‌പോർട്ട് അപേക്ഷകളാണ് യുഎസിൽ നിന്ന് ലഭിച്ചത്, ഇത് മുൻ വർഷത്തേക്കാൾ 20% അധികമാണ്.

2024 നവംബറിൽ യുഎസിൽ നിന്ന് ലഭിച്ച 3,692 പാസ്‌പോർട്ട് അപേക്ഷകൾ കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന എണ്ണം ആയിരുന്നുവെന്ന് RTÉ ന്യൂസ് റിപ്പോർട്ട് ചെയ്തു.


Add comment

Comments

There are no comments yet.