
അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ കുടിയേറ്റ നിയന്ത്രണങ്ങളുടെ സമ്മർദ്ദത്തിൽ നിന്ന് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു. നാടുകടത്തപ്പെടുമെന്ന ഭയം മൂലം വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ് എന്ന് റിപ്പോർട്ടുകൾസൂചിപ്പിക്കുന്നു.കുടിയേറ്റക്കാരെ കണ്ടെത്താൻ അധികൃതർ ജോലി സ്ഥലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും തിരിച്ചറിയൽ രേഖകളുടെയും ബന്ധപ്പെട്ട രേഖകളുടെയും പരിശോധന കർശനമാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടം കടുപ്പിച്ച കുടിയേറ്റ നയങ്ങൾ ഇതിന് പിന്നിലാണെന്ന് വിലയിരുത്തപ്പെടുന്നു.
F-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ കാമ്പസിൽ ജോലി ചെയ്യാൻ അനുമതിയുണ്ടെങ്കിലും, കാമ്പസിൽ ജോലികൾ ലഭിക്കാത്തതിനാൽ പലരും റെസ്റ്റോറന്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ഗ്യാസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുകയാണ്. പുതിയ നിയന്ത്രണങ്ങൾ മൂലം അവർ ഈ ജോലികളും ഉപേക്ഷിക്കേണ്ടി വന്നതോടെ സാമ്പത്തിക അനിശ്ചിതത്വം കൂടി വരുകയും ചെയ്യുന്നു.
നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക നൽകുന്ന F-1 സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഡാറ്റ അനുസരിച്ച്, 2024 ജനുവരി മുതൽ സെപ്റ്റംബർ വരെ 64,008 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിസ ലഭിച്ചത്. 2023 ലെ ഇതേ കാലയളവിൽ ഈ സംഖ്യ 1,03,495 ആയിരുന്നു, 38 ശതമാനത്തോളം കുറവാണിത്.
കുടിയേറ്റ നിയന്ത്രണങ്ങൾക്കൊപ്പം, ട്രംപിന്റെ നയങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടേയും മറ്റ് വിദേശ വിദ്യാർത്ഥികളുടേയും വിദ്യാഭ്യാസവും ഭാവിയും ഗുരുതരമായി ബാധിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
Add comment
Comments