
ഡബ്ലിൻ: വിമാന യാത്രയ്ക്കിടെ അബദ്ധത്തിൽ ചൂടുള്ള ചായപ്പാത്രം മറിഞ്ഞ് വീണ് വയറ്റിലും തുടകളിലും പൊള്ളലേറ്റ യുവതിക്ക് 55,000 യൂറോ നഷ്ടപരിഹാരം നൽകണമെന്ന് റെയർ വിമാനക്കമ്പനിയോട് കോടതി ഉത്തരവിട്ടു. ലിത്വാനിയക്കാരിയായ ലിഡിജ മിലിട്ടിന് സെക്കന്റ് ഡിഗ്രി പൊള്ളലേറ്റതിനാലാണ് ഈ നഷ്ടപരിഹാരം അനുവദിച്ചത്.വ്യക്തിയുടെ വയറിലും തുടയിലും കൈത്തണ്ടയിലും പൊള്ളിയ പാടുകൾ ശേഷിച്ചിരിക്കുന്നതിനാൽ വൻതുക നഷ്ടപരിഹാരമായി നൽകേണ്ടതാണെന്ന് ജഡ്ജി ജെയിംസ് ഒ'ഡോണോ തന്റെ വിധി ന്യായത്തിൽ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത് വരെ ഉത്തരവിന് സ്റ്റേ അനുവദിക്കുന്നതായും ജഡ്ജി വ്യക്തമാക്കി.
26 കാരിയായ ലിഡിജ മിലിറ്റ് ലിത്വാനിയൻ മാതാപിതാക്കളുടെ മകളാണ്. ഇവർ വെക്സ്ഫോർഡിലായിരുന്നു താമസം. 2022 മാർച്ച് 28-നു ലിത്വാനിയയിൽ നിന്ന് മടങ്ങവെ പാലേങ്ക വിമാനത്താവളത്തിൽ നിന്ന് ഡബ്ലിനിലേക്കുള്ള റെയർ വിമാന യാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായത്.
ചായ സേർവ് ചെയ്യുന്നതിനിടെ ചരിഞ്ഞ ട്രേ ടേബിളിൽ നിന്ന് ചായക്കപ്പ് വഴുതി ലിഡിജ മിലിറ്റിന്റെ ദേഹത്ത് വീഴുകയായിരുന്നു. ഉടനെ ക്യാബിൻ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്ന ഒരു നഴ്സും പ്രഥമശുശ്രൂഷ നൽകി. ഡബ്ലിനിൽ എത്തിയ ശേഷം ജി.പിയുമായി ബന്ധപ്പെട്ടു. എന്നാൽ അതിനുശേഷം ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സെന്റ് വിൻസെന്റ്‌സ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.
തിളച്ച ചായ വീണതിനെ തുടർന്ന് കഠിനമായ വേദന സഹിച്ച് രണ്ട് മണിക്കൂർ സമയം വിമാനത്തിൽ തുടരേണ്ടിവന്നുവെന്ന് കോടതി വിചാരണയ്ക്കിടെ ലിഡിജ മിലിറ്റ് വെളിപ്പെടുത്തി. സെക്കന്റ് ഡിഗ്രി പൊള്ളലേറ്റതായും, സംഭവത്തിനിടെ ഉണ്ടായ ബുദ്ധിമുട്ടുകൾ ആഴത്തിൽ ബാധിച്ചതായും കോടതിയെ ബന്ധപ്പെട്ടവർ അറിയിച്ചു. വിമാന യാത്രികരും ജീവനക്കാരും സംഭവത്തിൽ സാക്ഷികളായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
Add comment
Comments