
ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള മില്ല്യൺ കണക്കിന് ഡോളർ ധനസഹായം അമേരിക്ക റദ്ദാക്കി. ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ് (DOGE) ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ഇന്ത്യയിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത 21 മില്യൺ ഡോളറിന്റെ പദ്ധതിയും ബംഗ്ലാദേശിന്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട 29 മില്യൺ ഡോളറിന്റെ സംരംഭവും റദ്ദാക്കിയ പദ്ധതികളിൽ ഉൾപ്പെടുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അന്താരാഷ്‌ട്ര സഹായങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X വഴിയായിരുന്നു ഡിഒജിഇയുടെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും തിരഞ്ഞെടുപ്പ് പ്രക്രിയക്കും രാഷ്ട്രീയ സ്ഥിരതക്കും പിന്തുണ നൽകാൻ ലക്ഷ്യമിട്ട പദ്ധതികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യക്കായി നീക്കിവച്ചിരുന്ന 21 മില്യൺ ഡോളർ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ പ്രത്യേകം ഉദ്ദേശിച്ച പദ്ധതിയായിരുന്നു.
ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈറ്റ്‌ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ നടന്നിരുന്നു. അതിന് പിന്നാലെയാണ് ഡിഒജിഇയുടെ സഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം.
മോസാംബിക്ക്, കംബോഡിയ, സെർബിയ, മോൾഡോവ, നേപ്പാൾ, ലൈബീരിയ, മാലി, ദക്ഷിണാഫ്രിക്ക, കൊസോവോ, ഈജിപ്ത് ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കുള്ള ധനസഹായവും ഡിഒജിഇ റദ്ദാക്കിയിട്ടുണ്ട്.
Add comment
Comments