
ഡബ്ലിൻ: ഭവന പ്രതിസന്ധി പരിഹരിക്കുകയാണ് സർക്കാരിന്റെ നമ്പർ വൺ മുൻഗണനയെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും. ഭവന നിർമ്മാണത്തിനായുള്ള മന്ത്രിസഭാ സമിതിയുടെ ഏറ്റവും പുതിയ യോഗത്തിലാണ് സർക്കാരിന്റെ പ്രതിബദ്ധത ഇരുവരും വീണ്ടും സ്ഥിരീകരിച്ചത്.ഭവന നിർമാണ പദ്ധതികളെ വേഗത്തിലാക്കുന്നതിനും പുതിയ വികസന പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ ഇരുവരും മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. ഹൗസിംഗ് ഡെവലപ്മെന്റുകളിൽ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനായി മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും മന്ത്രിമാരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷത്തെ ആസൂത്രണ വികസന ബിൽ പ്രകാരം ഒഴിവാക്കപ്പെട്ട ഹൗസിംഗ് ഡെവലപ്മെന്റുകളിലും പുരോഗതി ഉണ്ടാക്കണമെന്ന് മന്ത്രിസഭാ സമിതിയിൽ നിർദ്ദേശം നൽകി. പുതിയ കമ്പൾസറി പർച്ചേസിങ് ഓർഡർ (CPO) നിയമം, സോഷ്യൽ ഹൗസുകൾ, സ്റ്റാർട്ടർ ഭവനങ്ങളുടെ വിതരണം, വാടക സമ്മർദ്ദ മേഖലകളുടെ അവലോകനം, ഷോർട്ട് ടേം ലെറ്റിംഗ് ആൻഡ് ടൂറിസം ബിൽ അപ്ഡേറ്റ് എന്നിവ വേഗത്തിലാക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ സർക്കാരിന്റെ ഭവന പദ്ധതികൾ ഏറെക്കുറെ പരാജയപ്പെട്ടവയുടെ ആവർത്തനമാണെന്ന് പ്രതിപക്ഷം വിമർശിച്ചു. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും ഭവന പ്രതിസന്ധിയിൽ യാഥാർത്ഥ്യപരമായ പരിഹാരമുണ്ടാകാത്തത് സർക്കാരിന്റെ കാര്യക്ഷമതയുടെ അഭാവം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ഭവന പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ താൽപര്യത്തിന്റെയും ആസൂത്രണത്തിന്റെയും ആഴം അടുത്ത മാസങ്ങളിൽ വ്യക്തമാകും എന്നാണ് വിലയിരുത്തൽ.
Add comment
Comments