സെന്റ് പാട്രിക്‌സ് ഡേയുടെ ഭാഗമായി ഐറിഷ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം

Published on 10 March 2025 at 22:00

സെന്റ് പാട്രിക്‌സ് ഡേയെ മുന്നിനിര്‍ത്തിയുള്ള പരമ്പരാഗത സന്ദര്‍ശനത്തിനായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യുഎസിലെത്തി. അഞ്ച് ദിവസം നീളുന്ന സന്ദര്‍ശനത്തിനായി അദ്ദേഹം ടെക്‌സാസിലെ ഓസ്റ്റിനിലാണ് വിമാനമിറങ്ങിയത്. പതിറ്റാണ്ടുകളായി തുടരുന്ന ആചാരപ്രകാരം സെന്റ് പാട്രിക്‌സ് ഡേ സമയത്ത് ഐറിഷ് പ്രധാനമന്ത്രിമാര്‍ യുഎസ് സന്ദര്‍ശിക്കുന്നത് പതിവാണ്. മാർച്ച് 17-നാണ് സെന്റ് പാട്രിക്‌സ് ഡേ. അമേരിക്കയിലെ പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ യുഎസ്-യൂറോപ്യൻ യൂണിയൻ വ്യാപാരയുദ്ധം ആരംഭിച്ച സാഹചര്യത്തിൽ ആണ് മാർട്ടിന്റെ യുഎസ് സന്ദർശനം പ്രത്യേക പ്രാധാന്യമാകുന്നത്.

പ്രധാനമന്ത്രിയോടൊപ്പം ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉൾപ്പെടെ ആറ് മന്ത്രിമാർ കൂടി സന്ദർശനത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം മൂന്ന് മന്ത്രിമാർ മാത്രമേ യുഎസിൽ എത്തിയിരുന്നുള്ളൂ എന്നതിനെ അപേക്ഷിച്ച് ഈ വർഷം പ്രതിനിധി സംഘത്തിന്റെ വളർച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നതിനുള്ള സൂചനയാണ്. "ബിസിനസ് ചെയ്യാൻ മികച്ച ഇടം അയർലണ്ടാണ്" എന്ന സന്ദേശം യുഎസിനോട് പ്രകടിപ്പിക്കുകയാണ് മന്ത്രിമാരുടെ ലക്ഷ്യം. ഓസ്റ്റിനിൽ ഏകദേശം ഒരു ദിവസത്തേക്ക് വിശ്രമിച്ച ശേഷം, പ്രധാനമന്ത്രി വാഷിംഗ്ടണിലേയ്ക്ക് തിരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.


Add comment

Comments

There are no comments yet.