യുഎസ്-ഇയു വ്യാപാരയുദ്ധം: ട്രംപിന്റെ 200% നികുതി ഭീഷണിയോടെ സംഘര്‍ഷം കടുപ്പിക്കുന്നു

Published on 14 March 2025 at 21:38

യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരയുദ്ധം തുടരുന്നതിനിടെ, ഇയുവില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈനിനും മറ്റ് ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും 200% നികുതി ഈടാക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് വിസ്‌കിയ്ക്ക് ഇയു നികുതി കുറയ്ക്കാതെ തുടരുകയാണെങ്കില്‍, ഈ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

യുഎസ് സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിച്ച ട്രംപിന്റെ തീരുമാനത്തിന് മറുപടിയായി, അടുത്ത മാസം മുതലുള്ള 26 ബില്യണ്‍ യൂറോ മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇയു നികുതി വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിന്റെ 200% നികുതി ഭീഷണിയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്നും, ഉയര്‍ന്ന നികുതി ആര്‍ക്കും ഗുണകരമാകില്ലെന്നും ഇയു എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

ലോകത്ത് ഏറ്റവും മോശമായി നികുതി ഈടാക്കുന്ന പ്രദേശമാണ് യൂറോപ്യന്‍ യൂണിയന്‍ എന്നായിരുന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ നടത്തിയ വിമര്‍ശനം. യുഎസ് വിസ്‌കിയ്ക്ക് 50% നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ട്രംപ് പ്രതികാരമായി 200% നികുതി ഭീഷണി ഉയർത്തിയത്.

ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ യൂറോപ്യന്‍ മദ്യനിര്‍മ്മാതാക്കളുടെ മൂല്യം കുറയുകയും ചെയ്തു. ഐറിഷ് മദ്യങ്ങള്‍ക്കുള്ള പ്രധാന കയറ്റുമതി വിപണി യുഎസ് ആയതിനാല്‍, ഈ തീരുമാനത്തെത്തുടർന്ന് അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥക്കും വലിയ ആഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്.


Add comment

Comments

There are no comments yet.