ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽ ചർച്ച് ഇടവകയുടെ മുൻ വികാരി റവ. ഫാ. ഡെർമോട്ട് ലെയ്‌കോക്ക് നിര്യാതനായി.

Published on 25 March 2025 at 21:58

ഡബ്ലിൻ: ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽ ചർച്ച് ഇടവകയുടെ മുൻ വികാരിയും വിശ്വാസികൾക്ക് പ്രിയങ്കരനുമായ വെരി റവ. ഫാ. ഡെർമോട്ട് ലെയ്‌കോക്ക് നിര്യാതനായി. ഇന്ന് പുലർച്ചെ 4:51-നാണ് അദ്ദേഹം നിത്യജീവിതത്തിലേക്ക് കടന്നുപോയത്. ന്യൂടൗൺ പാർക്ക് ഇടവകപള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ച ഫാ. ഡെർമോട്ട്, വിശ്വാസികൾക്ക് അത്യന്തം പ്രിയങ്കരനായിരുന്നു. സൗമ്യതയും സ്നേഹവും നിറഞ്ഞ പെരുമാറ്റത്താൽ എല്ലാവരുടെയും ഹൃദയം കീഴടക്കിയ അദ്ദേഹം, വിശ്വാസ സമൂഹത്തിൽ അതീവ സ്വീകാര്യനായിരുന്നുവെന്നത് പ്രത്യേകം ഉദാഹരണീയമാണ്.സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കും ഇന്ത്യൻ കമ്മ്യൂണിറ്റിക്കും ശക്തമായ പിന്തുണ നൽകിയിരുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഗാർഡിയൻ ഏയ്ഞ്ചൽ പള്ളിയിൽ സീറോ മലബാർ സഭയുടെ കുർബാന ആരംഭിച്ചത് ഫാ. ഡെർമോട്ടിന്റെ വികാരിയായിരുന്ന കാലത്താണ്. പ്രവാസി ഇന്ത്യൻ സമൂഹത്തിന് കരുത്തായും അഭയം നൽകിയവനായി അദ്ദേഹം തുടർന്നിരുന്നു. ബ്ലാക്ക്‌റോക്ക് ഇടവകയിലെ ജനങ്ങളുടെ ഏതു ആവശ്യത്തിനും ഫാ. ഡെർമോട്ട് ഉണ്ടാകുമായിരുന്നു. സീറോ മലബാർ സഭയുടെ ധ്യാനങ്ങൾക്കും ഇടവകയുടെ വിവിധ പ്രവർത്തനങ്ങൾക്കും അദ്ദേഹം നിലകൊണ്ട പിന്തുണ അനിസ്മരണീയമാണ്.

ഫാ. ഡെർമോട്ടിന്റെ നിര്യാണത്തിൽ ഡബ്ലിൻ റീജിയൻ പിതൃവേദി പ്രസിഡന്റും ബ്ലാക്ക്‌റോക്ക് ഇടവക മുൻ ട്രസ്റ്റിയുമായ സിബി സെബാസ്റ്റ്യൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫാ. ഡെർമോട്ടിന്റെ സമർപ്പണവും ആത്മീയ മാർഗനിർദേശവും അനേകം വിശ്വാസികളുടെ ജീവിതത്തെ സവിശേഷമായി സ്പർശിച്ചിട്ടുണ്ടെന്നും, അദ്ദേഹം പ്രവാസി സമൂഹത്തിനൊപ്പം കൂടിയ ഒരുമിച്ചുനടന്നിരുന്ന വചനത്തിന്റെ ദീപ്തമായ ഉദാഹരണമായിരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ അറിയിച്ചു.ഫാ. ഡെർമോട്ട് ലെയ്‌കോക്കിന്റെ അന്തിമോപചാരങ്ങൾ ബുധനാഴ്ചയും വ്യാഴാഴ്ചയും Blackrock Guardian Angels Church-ൽ വെച്ച് നടക്കും.


Add comment

Comments

There are no comments yet.