മലയാളി ഹെൽത്ത്കെയർ വർക്കർക്കെതിരെ ലൈംഗികാതിക്രമക്കേസിൽ ശിക്ഷയിൽ ഇളവ്

Published on 27 March 2025 at 13:15

ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ രക്തസാമ്പിളുകൾ എടുക്കുന്നതിനിടെ കൗമാരക്കാരിയെയും യുവതിയെയും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി ഹെൽത്ത്കെയർ വർക്കർക്ക് കോടതിയുടെ ദയാദാക്ഷിണ്യം. കണ്ണീരോടെയുള്ള പശ്ചാത്താപം അംഗീകരിച്ച കോടതി ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.ഡ്രോംക്ലിഫ് മിൽടൗണിലെ താമസക്കാരനായ എൽദോസ് യോഹന്നാ (39)നെയാണ് ലൈംഗികാതിക്രമക്കേസിൽ മൂന്നു വർഷത്തെ തടവിന് വിധിച്ചെങ്കിലും കർശന വ്യവസ്ഥകളോടെ ശിക്ഷയിൽ ഇളവുനൽകിയത്. വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാനുള്ള സാധ്യത മനസിലാക്കാൻ ജഡ്ജി ജോൺസൺ പ്രൊബേഷൻ സർവീസിലും കൗൺസിലിംഗിലും നിന്നുള്ള റിപ്പോർട്ടുകൾ തേടിയിരുന്നു.

പീഡനത്തിനിരയായവർക്ക് 10,500 യൂറോ നഷ്ടപരിഹാരമായി നൽകാനും അതിൽ 8,000 യൂറോ കൗമാരക്കാരിക്ക് നൽകണമെന്നുമാണ് കോടതി ഉത്തരവിട്ടത്. പ്രതി അടുത്ത ഏഴ് വർഷത്തിൽ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും 18 മാസം പ്രൊബേഷൻ മേൽനോട്ടത്തിൽ തുടരണമെന്നും സെക്ഷ്വൽ ഒഫെന്റിംഗിനെതിരായ ട്രീറ്റ്മെന്റിൽ പങ്കെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വെസ്റ്റ്മീത്തിലെ മുള്ളിംഗറിലെ റീജിയണൽ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ളെബോടോമിസ്റ്റായി ജോലി ചെയ്തിരുന്ന എൽദോസ് യോഹന്നാ, പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലായിരുന്നു.

സ്തന അണുബാധയെ തുടർന്നുള്ള പരിശോധനയ്ക്കായി 2022 ഓഗസ്റ്റ് 8-നാണ് 15 വയസ്സുകാരി അമ്മയോടൊപ്പം എമർജൻസി വിഭാഗത്തിൽ എത്തിയത്. ആദ്യം ട്രയേജ് നഴ്‌സിനെ കണ്ട പെൺകുട്ടി പിന്നീട് അമ്മയ്ക്കൊപ്പം പ്രതിയുടെ അടുത്തെത്തി. രക്തം എടുക്കണമെന്ന് പറഞ്ഞ പ്രതി കുട്ടിയുടെ അമ്മയെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി, അവിടെ കിടത്തിയശേഷം രക്തം എടുത്തു.

അതിനിടെ, സ്തനത്തിൽ കുരുവുണ്ടോ എന്ന് കുട്ടിയോട് ചോദിക്കുകയും ഉണ്ട് എന്ന് പറഞ്ഞതിനെ തുടർന്ന് ടോപ്പ് ഉയർത്തി സ്തനങ്ങൾ പരിശോധിക്കുകയും ചെയ്തു. ഡോക്ടറാണെന്ന് കരുതിയ പെൺകുട്ടി പ്രതിയുടെ കാര്യങ്ങളിൽ സംശയം പ്രകടിപ്പിച്ചില്ല. പിന്നീട് പ്രതി വീണ്ടും മുറിയിലേക്ക് തിരിച്ചെത്തി, വസ്ത്രം ഉയർത്തി നോക്കി വേദനയുണ്ടോ എന്ന് ചോദിക്കുകയും പെൺകുട്ടി ഉത്തരം നൽകിയതിനു ശേഷം കാര്യങ്ങൾ സാരമുള്ളതല്ലെന്ന് അറിയിച്ചു.

കുടുംബത്തിനോട് സംഭവം പറഞ്ഞ പെൺകുട്ടി മാനേജരോട് പരാതി നൽകി. മാനേജർ പ്രതിയെ ശകാരിക്കുകയും തുടർന്ന് ആശുപത്രി അധികൃതർ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

വയറുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിയ 20 വയസ്സുകാരിയെയും പ്രതി പീഡിപ്പിച്ചു. മുറിയിലേക്ക് കൊണ്ടുപോയ ശേഷം ഫോൺ നമ്പർ ചോദിക്കുകയും, കാലുകൾ അവളുടെ ദേഹത്തോട് ചേർക്കാൻ ശ്രമിക്കുകയും ചെയ്തു. വസ്ത്രത്തിന് പുറത്തൂടെ വിരൽ ഉപയോഗിച്ച് അവളെ അവകാശപ്പെട്ടു എന്നുമാണ് പരാതി. 90 സെക്കന്റോളം ഈ ശാരീരിക അതിക്രമം നീണ്ടുനിന്നുവെന്ന് യുവതി കോടതിയിൽ വ്യക്തമാക്കി.

ഈ സംഭവത്തെത്തുടർന്ന് യുവതി മാനസികമായി തകർന്നുപോയെന്നും ഡോക്ടർമാരെ കാണാൻ പോലും ഭയപ്പെട്ട അവസ്ഥയിലായെന്നും അവൾ കോടതിയിൽ പറഞ്ഞു. യുവതി മാതൃകാപരമായി വിഷയത്തെ കൈകാര്യം ചെയ്തുവെന്നു ജഡ്ജി നിരീക്ഷിച്ചു.

ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ പ്രതി, മുമ്പ് കുവൈറ്റിൽ ആംബുലൻസ് നഴ്‌സായി ജോലി ചെയ്തിരുന്നു. അയർലണ്ടിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. 2018-ൽ വിവാഹിതനായ പ്രതി 2022 ജനുവരിയിൽ ഏജൻസിയുടെ സഹായത്തോടെ ജോലി ലഭിച്ചു.

പ്രതി കോടതി മുമ്പാകെ കണ്ണീരോടെ ക്ഷമ യാചിക്കുകയും, കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും ഇരകൾക്കു നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും അറിയിക്കുകയും ചെയ്തു. പ്രതിക്ക് കരിയർ നഷ്ടമായെന്നും ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഉൾപ്പെടേണ്ടി വരുമെന്നും അതിനാൽ കോടതി നിർദ്ദേശിക്കുന്നതെന്തും ചെയ്യാൻ തയ്യാറാണെന്നുമാണ് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.


Add comment

Comments

There are no comments yet.