അയര്‍ലണ്ടില്‍ ഫോണ്‍ കോള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു

Published on 30 March 2025 at 22:35

അയര്‍ലണ്ടില്‍ ഫോണ്‍ കോള്‍ വഴി നടക്കുന്ന തട്ടിപ്പുകള്‍ ആശങ്കകരമായി വര്‍ദ്ധിച്ചുവരുന്നതായി AIB-യുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ vishing (Voice Phishing Fraud) 79% വര്‍ദ്ധിച്ചു. ഇതില്‍ ഭൂരിഭാഗം തട്ടിപ്പുകളും വിശ്വാസ്യതയുള്ള ബാങ്കുകളുടേത്, ധനകാര്യസ്ഥാപനങ്ങളുടേത്, മറ്റ് അംഗീകൃത കമ്പനികളുടേതെന്ന വ്യാജേന ആളുകളെ വലയിലാക്കുന്നതിലൂടെ നടത്തപ്പെടുന്നു. റീഫണ്ട് ലഭ്യമാക്കാമെന്ന് പറയുക, അക്കൗണ്ടിലെ തട്ടിപ്പുകള്‍ തടയാമെന്ന് ഉറപ്പ് നല്‍കുക, ബ്രോഡ്ബാന്‍ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്യുക എന്നിവ പ്രധാന തട്ടിപ്പ് രീതികളാണ്.

ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുക, ‘സുരക്ഷിതമായ’ ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാനോ അക്കൗണ്ട് വിവരങ്ങള്‍ പങ്കിടാനോ നിര്‍ബന്ധപ്പെടുത്തുക തുടങ്ങിയ തന്ത്രങ്ങളിലൂടെ തട്ടിപ്പുകാര്‍ ഉപകരണങ്ങളുടെ നിയന്ത്രണം കൈവശമാക്കുകയും പിന്നീട് അക്കൗണ്ടിലെ പണം കൈവശപ്പെടുകയുമാണ്.

തട്ടിപ്പുകള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് AIB മുന്നറിയിപ്പ് നല്‍കുന്നു. ഒരിക്കലും ഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ അന്യരുമായി സ്വകാര്യ അക്കൗണ്ട് വിവരങ്ങള്‍ പങ്കിടരുത്. തട്ടിപ്പാണോ യഥാര്‍ത്ഥ കോളാണോ എന്ന സംശയം തോന്നുന്നുവെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കിനെയോ സ്ഥാപനത്തെയോ നേരിട്ട് ബന്ധപ്പെടണമെന്നുമാണ് AIB അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നത്.


Add comment

Comments

There are no comments yet.