അയര്‍ലണ്ടില്‍ ചൂടേറിയ കാലാവസ്ഥ തുടരും

Published on 5 April 2025 at 22:19

അയര്‍ലണ്ടില്‍ ഏതാനും ദിവസമായുള്ള ചൂടേറിയ കാലാവസ്ഥ വരുന്നയാഴ്ചയും തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. അതേസമയം, രാത്രിയില്‍ തണുപ്പ് അനുഭവപ്പെടും.

ഇന്നത്തെ കാലാവസ്ഥ
ഇന്ന് പൊതുവില്‍ വരണ്ട കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുക. 11 മുതല്‍ 18 ഡിഗ്രി വരെ ചൂട് ഉയരും. രാത്രിയില്‍ താപനില 7 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാം. ഒറ്റപ്പെട്ട ചാറ്റല്‍ മഴയ്ക്കും, മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്.

ഞായറാഴ്ച (നാളെ)
നാളെ നല്ല വെയില്‍ ലഭിക്കുകയും, താപനില 12 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് കൂടുതലായി വെയില്‍ ലഭിക്കുക. അതേസമയം, തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ചാറ്റല്‍ മഴ പെയ്‌തേക്കാം. രാത്രിയില്‍ താപനില 5 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും.

തിങ്കളാഴ്ച മുതല്‍ ചൂട് കൂടും
തിങ്കളാഴ്ച ചൂട് കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. 13 മുതല്‍ 19 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയരുമെന്ന് പ്രവചനം.

ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ
ചൊവ്വ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലും രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥ തുടരുമെന്നും, ഈ ദിവസങ്ങളില്‍ 18, 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിദ്ഗദ്ധര്‍ അറിയിച്ചു.


Add comment

Comments

There are no comments yet.